Sunday, August 30, 2009

ഓണം ഒരു വിവരണം

ഓണം കേരളീയരുടെ ദേശീയോത്സവമാണ്. മുമ്പൊക്കെ 28 ദിവസം മുമ്പു (പിള്ളേരോണം) മുതല്‍ പൂവിട്ടു തുടങ്ങുമായിരുന്നു.അത്തം വരെ തുമ്പപ്പൂ മാത്രമാണ് ഇട്ടിരുന്നത്.തലേന്ന് മുറ്റത്ത് മണ്ണുകുഴച്ച് വട്ടത്തില്‍ തറകെട്ടി (കൂണിന്‍റെ ആകൃതിയില്‍) ചാണകം മെഴുകി ശുദ്ധി വരുത്തിയിടുന്നു.തലേന്നു തന്നെ തുമ്പപ്പൂവും പറിച്ചു വയ്ക്കുന്ന പതിവും ഉണ്ട് .എല്ലാ ദിവസവും രാവിലെ തറ മെഴുകണം.ആദ്യ രണ്ടു ദിവസം തുമ്പപ്പൂ തുളസി മറ്റ് വെളുത്ത പുഷ്പങ്ങള്‍ മാത്രമാണിടുന്നത്.ചോതി മുതലാണ് ചുമന്ന പൂക്കള്‍ ഇടുക.മത്തപ്പൂവ്,വീണ്ടപ്പൂവ്,അരിപ്പൂവ്,ചെമ്പരത്തി,മന്താരം, നന്ദ്യാര്‍വട്ടം,അങ്ങനെ വിവിധ പൂക്കള്‍കൊണ്ട്
ഉത്രാടത്തിന്‍റെ അന്നു വരെ പൂവിട്ട ശേഷം അന്ന് വൈകിട്ട് പൂവാരി തറ വൃത്തിയാക്കുന്നു.
പിറ്റേന്ന് വെളുപ്പിന് എഴുന്നേറ്റ് എല്ലാവരേയും
ഉണര്‍ത്തുവാനായി“ഓണം കൂവല്‍“ നടത്താറുണ്ട്.
“ ഓണത്തപ്പാ കുടവയറാ
ഇന്നും നാളേം തിരുവോണം
തിരുവോണക്കറി എന്തല്ലാം
ചേനച്ചെത്തുംചെറുപയറും
ഏത്തക്കായ് വറുത്ത ഉപ്പേര്യേ കൂ...കൂ..കൂ...“

എന്നു പറഞ്ഞുകൊണ്ടാണ് കൂവുക. കുളിച്ച് വന്നാല്‍ തുമ്പക്കുടം പറിച്ച് വച്ച്,പലകയിട്ട് തറയുടെ കിഴക്കു തെക്ക് ഭാഗത്ത് ഒരു വിളക്കുകൊളുത്തി തറയുടെ മുകളിലും ഒരു പലകയിട്ട് ഓണത്തപ്പനെ (തൃക്കാക്കരയപ്പന്‍) ഓലക്കുട ചൂടിച്ച് ഇരുത്തി,അരിമാവുകൊണ്ട് അണിഞ്ഞ്, പറിച്ചു വച്ചിരിക്കുന്ന തുമ്പക്കുടം കോണ്ട് പൂജിച്ച്, അടയും നാളികേരവും നിവേദിക്കും. പിന്നീട് വിളക്കും കുടയും തുമ്പക്കുടവും എടുത്ത് പൂജാമ്മുറിയില്‍ കൊണ്ടുചെന്ന് വയ്ക്കും. മുമ്പ് തിരുവോണത്തിന്‍റെ അന്ന് “വേലന്‍“ സമുദായത്തില്‍
പെട്ടവര്‍ വന്ന് “വേലന്‍ തുള്ളല്‍” (അമ്മാനമാടുക തുടങ്ങിയ അഭ്യാസങ്ങള്‍)
നടത്തുന്ന പതിവുണ്ടായിരുന്നു.